പ്രീമിയർ ഡഗ് ഫോർഡിനായി 2.9 കോടി ഡോളറിൻ്റെ സ്വകാര്യ വിമാനം വാങ്ങി ഒൻ്റാരിയോ സർക്കാർ

By: 600110 On: Apr 18, 2026, 7:12 AM

പ്രീമിയർ ഡഗ് ഫോർഡിനായി 2.9 കോടി ഡോളറിന്റെ സ്വകാര്യ വിമാനം വാങ്ങി ഒൻ്റാരിയോ സർക്കാർ. ബോംബാർഡിയർ ചലഞ്ചർ 650' (Bombardier Challenger 650) എന്ന വിമാനമാണ് വാങ്ങിയത്.  ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നും ഏകദേശം 28.9 മില്യൺ ഡോളർ ചെലവഴിച്ചാണ് ഈ വിമാനം സ്വന്തമാക്കിയത്. ഒന്റാറിയോ ഒരു വലിയ പ്രവിശ്യയായതിനാൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി വേഗത്തിൽ യാത്ര ചെയ്യാൻ വിമാനം അത്യാവശ്യമാണെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം.

2026 ജൂലൈ മാസത്തോടെ വിമാനം യാത്രയ്ക്ക് സജ്ജമാകും. കാനഡയിലെയും അമേരിക്കയിലെയും വിവിധ മീറ്റിംഗുകളിൽ പങ്കെടുക്കാനും വ്യാപാര ചർച്ചകൾക്കും മാത്രമേ വിമാനം ഉപയോഗിക്കൂ എന്നും വ്യക്തിപരമായ യാത്രകൾക്ക് ഉപയോഗിക്കില്ലെന്നും സർക്കാർ അറിയിച്ചു. വിമാനത്തിന് പ്രത്യേക മാറ്റങ്ങളൊന്നും വരുത്തേണ്ടതില്ലെന്നും പരിശോധനകൾ പൂർത്തിയായതായും അധികൃതർ പറഞ്ഞു.

അതേസമയം, സർക്കാരിൻ്റെ ഈ നടപടിക്കെതിരെ പ്രതിപക്ഷം വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. പ്രവിശ്യ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ഇത്രയും വലിയ തുക വിമാനത്തിനായി ചെലവഴിച്ചത് ശരിയല്ലെന്ന് അവർ ആരോപിക്കുന്നു. സാധാരണക്കാരെപ്പോലെ ഇക്കോണമി ക്ലാസിൽ യാത്ര ചെയ്യാനാണ് പ്രീമിയർ ശ്രമിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാക്കൾ പറഞ്ഞു. ഈ തുക വീടില്ലാത്തവർക്ക് വേണ്ടിയോ ആരോഗ്യ മേഖലയ്ക്കോ വേണ്ടി ചെലവാക്കാമായിരുന്നു എന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.